NRI
സിയാറ്റിൽ: അമേരിക്കയിലെ സിയാറ്റിലിൽ നടന്ന ഭക്ഷ്യമേളയ്ക്കിടെ ഉണ്ടായ വെടിവയ്പിൽ മൂന്ന് പേർ മരിക്കുകയും രണ്ട് വയസുകാരൻ ഉൾപ്പെടെ നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.
വാക്കുതർക്കമാണ് വെടിവയ്പിലേക്ക് നയിച്ചതെന്ന് പോലീസ് അറിയിച്ചു. ഏറ്റുമുട്ടലിൽ പങ്കെടുത്ത 19 വയസുകാരനായ ജൂണിയർ സി. നിക്കോ സെമോ സംഭവസ്ഥലത്തുവച്ച് മരിച്ചു.
ഗുരുതരമായി പരിക്കേറ്റ 56 വയസുകാരിയായ ആഷ്ലി വൈറ്റ്ഹെഡ് പിന്നീട് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി. മൂന്നാമത്തെ മരിച്ചയാളുടെ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
സംഭവവുമായി ബന്ധപ്പെട്ട് 15 വയസുകാരനായ ഒരു പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒളിവിലുള്ള മൂന്നാം പ്രതിക്കായി വ്യാപക തെരച്ചിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
പരിക്കേറ്റവരിൽ രണ്ട് വയസുകാരൻ ഉൾപ്പെടെയുള്ളവർ ചികിത്സയ്ക്ക് ശേഷം തിങ്കളാഴ്ച ആശുപത്രി വിട്ടു. എഫ്ബിഐ, എടിഎഫ്, പ്രാദേശിക പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ സംയുക്ത അന്വേഷണമാണ് നടക്കുന്നത്.
സംഭവസ്ഥലത്ത് സിസിടിവി കാമറകൾ ഇല്ലാതിരുന്നതിനാൽ പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് 5,000 ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
NRI
ബെർലിൻ: ജർമൻ തലസ്ഥാനമായ ബെർലിനിൽ ക്രിസ്റ്റഫർ സ്ട്രീറ്റ് ഡേ (CSD) പരേഡിനിടെ നടന്ന വാഹനം ഇടിച്ചുകയറ്റിയുള്ള ആക്രമണം ഇസ്ലാമിക് ഭീകരാക്രമണം തന്നെയാണെന്ന് ജർമൻ ആഭ്യന്തര മന്ത്രി അലക്സാണ്ടർ ഡോബ്രിന്റ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് മന്ത്രാലയം ഇത് സംബന്ധിച്ച ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചത്. അതിനിടെ ആക്രമണത്തിൽ പരിക്കേറ്റവരുടെ എണ്ണം 29 ആയി ഉയർന്നു.
ഇതിൽ പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്. അക്രമത്തിൽ ഒരു സ്ത്രീ മരണപ്പെട്ടിരുന്നു.
ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട വിവരങ്ങൾ: പ്രതിയായ അബ്ദുൾ ബലൂട്ട് (21) ഡെലിവറി വാൻ ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറ്റി മരത്തിൽ പ്രഹരിച്ച ശേഷം, കൊടുവാൾ പോലുള്ള മാരകായുധവുമായി പുറത്തിറങ്ങി വഴിയാത്രക്കാരെ വെട്ടിയും കുത്തിയും പരിക്കേൽപ്പിക്കുകയായിരുന്നു.
മുൻപും ജയിൽശിക്ഷ അനുഭവിച്ച വ്യക്തി:
2005-ൽ ജർമനിയിൽ ജനിച്ച ലബനൻ വംശജനായ പ്രതിക്ക് ഒരു വർഷവും 10 മാസവും തടവുശിക്ഷ മുൻപ് കോടതി വിധിച്ചിരുന്നു. എന്നാൽ ഇത് പിന്നീട് സസ്പെൻഡ് ചെയ്ത് പ്രൊബേഷനിൽ വിടുകയായിരുന്നു.
ഇതിനെതിരേ ജനറൽ പ്രോസിക്യൂട്ടർ ഓഫിസ് അപ്പീൽ നൽകിയിരുന്നതായും ആഭ്യന്തര മന്ത്രി വ്യക്തമാക്കുന്നു.
ഐഎസ് ബന്ധവും വിദേശയാത്രയും: പ്രതി വിദേശത്തേക്ക് കടന്ന് ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാൻ ശ്രമിച്ചതിനും രാജ്യത്ത് വൻ അക്രമത്തിന് പദ്ധതിയിട്ടതിനും മുൻപും അന്വേഷണം നേരിട്ടിട്ടുള്ള ആളാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പതാകകൾ പകുതി താഴ്ത്തിക്കെട്ടി നഗരം
"ഇത് നമുക്ക് ഓരോരുത്തർക്കും നേരെ നടന്ന ആക്രമണമാണ്' - കൈ വെഗ്നർ (ബെർലിൻ മേയർ) സംഭവത്തിൽ കടുത്ത ഞെട്ടൽ രേഖപ്പെടുത്തിയ ബെർലിൻ മേയർ കൈ. വെഗ്നർ സിറ്റി ഹാൾ ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളിൽ പതാകകൾ പകുതി താഴ്ത്തിക്കെട്ടാൻ ഉത്തരവിട്ടു.
നഗരത്തിന്റെ സഹിഷ്ണുതയ്ക്കും ജനാധിപത്യത്തിനും മേലുള്ള കടുത്ത ആക്രമണമാണിതെന്ന് അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ട വ്യക്തിയോടുള്ള ആദരസൂചകമായും പരിക്കേറ്റവർക്ക് പിന്തുണ പ്രഖ്യാപിച്ചും ബെർലിനിലെ സെന്റ് മേരീസ് പള്ളിയിൽ പ്രത്യേക പ്രാർഥനാ ചടങ്ങുകൾ സംഘടിപ്പിച്ചു.
തുടർന്ന് പ്രകടനം ബ്രാൻഡൻബുർഗ് ഗേറ്റിലേക്ക് നീങ്ങി. കേന്ദ്ര ഗവൺമെന്റിന്റെ വിക്ടിംസ് കമ്മീഷണർ റോളണ്ട് വെബർ, നീതിന്യായ മന്ത്രി സ്റ്റെഫാനി ഹ്യൂബിഗ് എന്നിവർ ഇരകൾക്കും കുടുംബങ്ങൾക്കും എല്ലാവിധ നിയമ-സാമ്പത്തിക സഹായങ്ങളും വാഗ്ദാനം ചെയ്തു.
യൂറോപ്പിലുടനീളം റെഡ് അലേർട്ട്പ്രതിക്കായി ജർമ്മനിയുടെ അയൽരാജ്യ അതിർത്തികളിലും എയർപോർട്ടുകളിലും റെയിൽവേ സ്റ്റേഷനുകളിലും പരിശോധന വൻതോതിൽ ശക്തമാക്കിയിട്ടുണ്ട്.
അടിയന്തിര ഭീഷണി നിലനിൽക്കുന്നതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും 1.90 മീറ്റർ ഉയരമുള്ള പ്രതി അബ്ദുൾ ബലൂട്ടിനെ കാണുന്നവർ നേരിട്ട് സമീപിക്കാതെ 110 എന്ന എമർജൻസി നമ്പറിൽ പോലീസിനെ വിവരമറിയിക്കണമെന്നും അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നു.
NRI
ന്യൂയോര്‍ക്ക്: ഫോമാ എമ്പയര്‍ റീജിയണിന്റെ റീജീയണല്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സണ്ണി കല്ലൂപ്പാറ (സണ്ണി പി. നൈനാന്) മത്സരിക്കുന്നു. "വോട്ട് ഫോര്‍ ചേയ്ഞ്ച്' എന്ന മുദ്രാവാക്യമുയർത്തി സംഘാടന മികവിന്റെ സുതാര്യതയോടെയാണ് അദ്ദേഹം ജനവിധി തേടുന്നത്.
സേവനരംഗത്തും കലാ-സാംസ്കാരിക-സാമൂഹിക മേഖലകളിലും സജീവ സാന്നിധ്യമായ സണ്ണി കല്ലൂപ്പാറ, ഫോമാ നാഷണല്‍ കമ്മിറ്റി അംഗമായി രണ്ടുതവണയും എമ്പയര്‍ റീജിയണ്‍ ട്രഷററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
നിലവില്‍ മലയാളി അസോസിയേഷന് ഓഫ് റോക്ക്ലാന്‍ഡ് കൗണ്ടിയുടെ (MARC) പ്രസിഡന്റാണ് അദ്ദേഹം. "ഫോമയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ അധികാര സ്ഥാനങ്ങളുടെ ആവശ്യമില്ലെന്ന് മുൻപും തെളിയിച്ചിട്ടുള്ളതാണ്. സംഘടനയ്ക്കായി ഇതുവരെ ചെയ്യാന്‍ സാധിച്ച എളിയ സേവനങ്ങളെ വിലയിരുത്തിയാണ് നിങ്ങളുടെ വോട്ട് അഭ്യര്‍ഥിക്കുന്നതെന്ന് സണ്ണി കല്ലൂപ്പാറ വ്യക്തമാക്കി.
NRI
ഫിലഡൽഫിയ: ഐപിസി എൻആർഐ ഗ്ലോബൽ കോൺഫറൻസ് ജനറൽ പ്രസിഡന്റ് റവ. ഡോ. വൽസൻ ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഉത്തര അമേരിക്കയിൽ നിന്നും ഐപിസി, എൻആർഐ പ്രതിനിധികളും സന്നിഹിതരായിരുന്നു.
ഈ പ്രഥമ സമ്മേളനത്തിൽ തന്നെ വിശ്വാസസമൂഹത്തിന്റെ സാന്നിധ്യവും സഹകരണവും വളരെ ശ്രദ്ധേയമായി. ഐപിസി എൻആർഐ ഗ്ലോബൽ കൺവീനർ ഡോ. ജോർജ് മാത്യു അധ്യക്ഷതവഹിച്ച യോഗത്തിൽ ഗ്ലോബൽ സെക്രട്ടറി ഡോ. തോമസ് കിടങ്ങാലിൽ സ്വാഗതം ചെയ്തു.
NRI
റിയാദ്: 33 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി ഒലയ്യ ഏരിയ സുലൈമാനിയ യൂണിറ്റ് അംഗം ഉമ്മർ പണിക്കരവീട്ടിലിന് യൂണിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
മലപ്പുറം എടപ്പാൾ സ്വദേശിയായ ഉമ്മർ പണിക്കരവീട്ടിൽ കഴിഞ്ഞ 33 വർഷമായി റിയാദിലെ സുലൈമാനിയയിൽ ഒരു തയ്യൽ സ്ഥാപനത്തിൽ ജോലി ചെയ്ത് വരികയായിരുന്നു. സുലൈമാനിയ മലാസ് റസ്റ്ററന്റിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ യൂണിറ്റ് ജോയിന്റ് ട്രഷറർ റഷീദ് അധ്യക്ഷത വഹിച്ചു.
കേളി സെക്രട്ടേറിയറ്റ് അംഗം നസീർ മുള്ളൂർക്കര, ഒലയ്യ ഏരിയ രക്ഷാധികാരി സെക്രട്ടറി ജവാദ് പരിയാട്ട്, ഏരിയ സെക്രട്ടറി നൗഫൽ ഉള്ളാട്ട് ചാലി, പ്രസിഡന്റ് റിയാസ് പള്ളാട്ട്, ജോയിന്റ് സെക്രട്ടറി മുരളീകൃഷ്ണൻ, യൂണിറ്റ് അംഗം ത്വയ്യിബ് എന്നിവർ ആശംസകൾ നേർന്നു.
യൂണിറ്റിന്റെ ഉപഹാരം യൂണിറ്റ് സെക്രട്ടറി ഷാനവാസ് ഉമ്മർ പണിക്കരവീട്ടിലിന് കൈമാറി. ചടങ്ങിൽ ഷാനവാസ് സ്വാഗതവും ഉമ്മർ പണിക്കരവീട്ടിൽ മറുപടി പ്രസംഗത്തിലൂടെ നന്ദിയും രേഖപ്പെടുത്തി.
NRI
റിയാദ്: 32 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി സുലൈ ഏരിയ ബാബ്തൈൻ യൂണിറ്റ് സെക്രട്ടറി മുഹമ്മദ് ബഷീറിന് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
ഏരിയ പ്രസിഡന്റ് ഹാഷിമിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കേളി വൈസ് പ്രസിഡന്റ് രാമകൃഷ്ണൻ, സുലൈ രക്ഷാധികാരി സെക്രട്ടറി അനിരുദ്ധൻ, രക്ഷാധികാരി സമിതി അംഗങ്ങളായ, ജോർജ്, മുഹമ്മദ് ഇസ്ഹാഖ്, അബ്ദുൽ നാസർ ടിവി, സത്യ പ്രമോദ്, ഷറഫുദ്ദീൻ, ഇസ്മയിൽ, സുനിൽ ഏരിയ ജോയിന്റ് ട്രഷറർ രാധാകൃഷ്ണൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ സത്യനാഥ് ബാനർജി, വിനോദ്, സൻസീർ, അബ്ദുൽ സലാം, ബാബ്തൈൻ യൂണിറ്റ് അംഗം സലിം എന്നിവർ ആശംസകൾ നേർന്നു.
സ്വകാര്യ കമ്പനിയിൽ വില്ലാ സൂപ്രവൈസറായി ജോലി ചെയ്തിരുന്ന ബഷീർ കോഴിക്കോട് ജില്ല കൊടുവള്ളി സ്വദേശിയാണ്. സുലൈ ഏരിയയുടെ ഉപഹാരം ഏരിയ സെക്രട്ടറി കൃഷ്ണൻകുട്ടി മുഹമ്മദ് ബഷീറിന് സമ്മാനിച്ചു.
ഏരിയ സെക്രട്ടറി സ്വാഗതവും യാത്ര പോകുന്ന മുഹമ്മദ് ബഷീർ നന്ദിയും രേഖപ്പെടുത്തി.
NRI
ബെർലിൻ: ജർമനിയിൽ അപകടത്തിൽ മരിച്ച മലയാളി വിദ്യാർഥിക്ക് ജന്മനാട് കണ്ണീരോടെ വിടയേകി. ജർമനിയിലെ സാക്സൺ സംസ്ഥാനത്തെ ഫ്രൈബർഗ് ടെക്നിക്കൽ യൂണിവേഴ്സിറ്റിയിൽ എംഎസ് വിദ്യാർഥിയായിരുന്ന അനന്തു മോഹൻ (29) ആണ് ട്രെയിൻ തട്ടി മരണപ്പെട്ടത്.
മുംബൈ ദാദ്ര നഗർ ഹവേലിയിൽ താമസിക്കുന്ന പത്തനംതിട്ട റാന്നി കരികുളം സ്വദേശിയുമായ ബിന്ദു മോഹന്റെയും പരേതനായ മോഹൻ കുമാറിന്റെയും മകനാണ് അനന്തു മോഹൻ. സഹോദരി: നവമി. റാന്നി കരികുളം തേവാങ്കര (കുന്നക്കാട്ട്) കുടുംബാംഗമാണ് പരേതൻ.
സംസ്കാരച്ചടങ്ങുകൾ
അനന്തുവിന്റെ മൃതദേഹം ജർമനിയിലെ നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി ചൊവ്വാഴ്ച രാത്രി ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ നിന്നും എയർ ഇന്ത്യ വിമാനത്തിൽ ന്യൂഡൽഹി വഴി വ്യാഴാഴ്ച പുലർച്ചെ 1:20ന് നെടുമ്പാശേരിയിൽ എത്തിച്ചു.
തുടർന്ന് ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി സ്വഭവനത്തിൽ കൊണ്ടുവരികയും അന്തിമോപചാരം അർപ്പിക്കുകയും ചെയ്തു. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 12ന് ആറന്മുളയിലുള്ള തറവാട്ടു വീട്ടുവളപ്പിൽ അന്ത്യകർമ്മങ്ങളോടെ നടന്നു.
ദുരന്തമുഖത്ത് ആശ്വാസമായി ഇന്ത്യൻ എംബസിയുടെയും പൊതുപ്രവർത്തകരുടെയും ഏകോപനം
ബെർലിനിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ, അനന്തുവിന്റെ സഹപാഠിയും സുഹൃത്തുമായ സൗരഭ് നിഗം, അനന്തുവിന്റെ ഗുജറാത്തിലുള്ള അമ്മാവൻ ആർ.കെ. നായർ എന്നിവർക്കൊപ്പം നടപടിക്രമങ്ങളുടെ ഓരോ ഘട്ടത്തിലും കൃത്യമായ വിവരങ്ങൾ നൽകി വളരെ സജീവമായി ജർമനിയിൽ നിന്നുള്ള ലോക കേരളസഭ അംഗം ജോസ് കുമ്പിളുവേലിൽ, വേൾഡ് മലയാളി കൗൺസിൽ ജനറൽ സെക്രട്ടറി ക്രിസ്റ്റഫർ വർഗ്ഗീസ് എന്നിവരാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ഏകോപിപ്പിച്ചത്.
സൗജന്യമായാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ കേന്ദ്ര വിദേശകാര്യ മന്ത്രാലയം നേരിട്ട് നിർവഹിച്ചത്.
രാഷ്ട്രീയ നേതാക്കളുടെയും അധികൃതരുടെയും പിന്തുണ
ദാദ്ര നഗർ ഹവേലി അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ, ബിജെപി പ്രസിഡന്റ് മഹേഷ് അഗരിയ എന്നിവർ വിദേശകാര്യ മന്ത്രാലയവുമായി നേരിട്ട് ബന്ധപ്പെട്ട് ആവശ്യമായ ഏകോപനങ്ങൾ നടത്തി.
മന്ത്രാലയത്തിലെ മുൻ പിഎസ് സോഹൻലാലുമായി ചേർന്ന് പൂർണ പിന്തുണ നൽകാൻ മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ, കേരള വൈദ്യുതി വകുപ്പ് മുൻ മന്ത്രി കെ. കൃഷ്ണൻകുട്ടി എന്നിവരുടെ ഇടപെടലുകളും സഹായങ്ങളും നിസ്തുലമാണ്.
കേസ് അന്വേഷിച്ച ജർമൻ പോലീസ് വകുപ്പ്, എംബാംമിംഗ് നടപടികളും കാർഗോ ക്രമീകരണങ്ങളും കൃത്യമായി പൂർത്തിയാക്കിയ ഫ്യൂണറൽ ഏജൻസി എന്നിവരുടെയും ദ്രുതഗതിയിലുള്ള പ്രവർത്തനം എടുത്തുപറയേണ്ടതാണ്.
അനന്തുവിനെ അവസാനമായി ഒരുനോക്ക് കാണാൻ ജന്മനാട്ടിലേക്ക് അയക്കാൻ സഹായിച്ച എല്ലാവർക്കും അധികൃതർക്കും അനന്തുവിന്റെ കുടുംബവും സുഹൃത്തുക്കളും നന്ദി രേഖപ്പെടുത്തി.
NRI
ഡാളസ്: സെന്റ് പോൾസ് മാർത്തോമാ ഇടവക 2026 വാർഷിക കൺവൻഷന് വെള്ളിയാഴ്ച ഇടവക വികാരി ഫാ. റെജിന്റെ പ്രാരംഭ പ്രാർഥനയോട് കൂടി തുടക്കം കുറിക്കും.
മാർത്തോമ്മാ സഭയുടെ മികച്ച കൺവൻഷൻ പ്രാസംഗീകനും വേദ പണ്ഡിതനുമായ റവ. റോബിൻ വർഗീസ് ആയിരിക്കും ബൈബിൾ പ്രഭാഷണം നടത്തുന്നത്.
വെള്ളിയാഴ്ച രാത്രി ഏഴിനും ശനിയാഴ്ച വൈകുന്നേരം 6.30നും യോഗം ആരംഭിക്കുമെന്ന് ഇടവക വികാരി ഫാ. റെജിൻ, സെക്രട്ടറി സോജി സ്കറിയ എന്നിവർ അറിയിച്ചു.
യോഗത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായും പ്രാർഥനാപൂർവം സംബന്ധിക്കണമെന്നും അറിയിക്കുന്നു.
ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്ക് ശേഷം, വിവിധ പരിപാടികൾ ഉൾകൊള്ളിച്ചു കൊണ്ട് പാരിഷ് ഡേ സെലിബ്രേഷനും നടത്തപ്പെടും.
NRI
റോം: ഇറ്റലിയിലെ റോമിൽ താമസിച്ച് ജോലി ചെയ്തുവരികയായിരുന്ന പിറവം സ്വദേശിനി സിനി ഏലിയാസ് (54) ചികിത്സയിലിരിക്കെ അന്തരിച്ചു.
കുറച്ച് നാളുകളായി അസുഖബാധിതയായി ഇറ്റലിയിലെ പഗാനി ആശുപത്രിയിൽ ചികിത്സയിലായിരുന്ന സിനി ഏലിയാസ്, തുടർചികിത്സയ്ക്കായി സെപ്റ്റംബർ 25ന് കേരളത്തിലേക്ക് യാത്രതിരിക്കാനിരിക്കെയായിരുന്നു മരണം.
ഭർത്താവും മക്കളും ഇറ്റലിയിൽ തന്നെയാണ് താമസിക്കുന്നത്. പരേതയുടെ സഹോദരിയായ സിസ്റ്റർ സെൽവി പഗാനിയിലെ ദേവാലയത്തിൽ ശുശ്രൂഷ നിർവഹിച്ചുവരികയാണ്.
സിനി ഏലിയാസിന്റെ നിര്യാണത്തിൽ ഇറ്റലിയിലെ മലയാളി സമൂഹവും പിറവം സ്വദേശികളും അനുശോചനം രേഖപ്പെടുത്തി.
NRI
ബെർലിൻ: ബെർലിനിൽ 11 മണിക്കൂറിലേറെ നീണ്ടുനിന്ന സൂപ്പർമാർക്കറ്റ് ബന്ദിനാടകം പ്രത്യേക പോലീസ് സേനയായ എസ്ഇകെയുടെ സാഹസിക ഓപ്പറേഷനോടെ അവസാനിച്ചു. മാരിയൻഫെൽഡെയിലെ റേവെ സൂപ്പർമാർക്കറ്റിൽ വനിതാ കാഷ്യറെ കത്തിമുനയിൽ ബന്ദിയാക്കിയ പ്രതിയെ ശനിയാഴ്ച രാവിലെ 9.20ഓടെ കസ്റ്റഡിയിലെടുത്ത് ജീവനക്കാരിയെ സുരക്ഷിതമായി മോചിപ്പിച്ചു.
വെള്ളിയാഴ്ച രാത്രി 10ന്, കട അടയ്ക്കാൻ മിനിറ്റുകൾ മാത്രം ബാക്കിയിരിക്കെയാണ് അവസാന ഉപഭോക്താവെന്ന നിലയിൽ പ്രതി സൂപ്പർമാർക്കറ്റിലെത്തിയത്. സാധനങ്ങൾ കൗണ്ടറിൽ വയ്ക്കാൻ വിസമ്മതിച്ച ഇയാൾ കൈവശമുണ്ടായിരുന്ന വലിയ കത്തി പുറത്തെടുത്ത് വനിതാ കാഷ്യറെ ബന്ദിയാക്കുകയായിരുന്നു.
സംഭവവിവരമറിഞ്ഞെത്തിയ പോലീസ്, പ്രത്യേക ചർച്ചാ സംഘം, നായപ്പട, എസ്ഇകെ കമാൻഡോകൾ എന്നിവർ സൂപ്പർമാർക്കറ്റ് വളഞ്ഞു. രാത്രി മുഴുവൻ പ്രതിയുമായി ഫോണിൽ സംസാരിച്ച് കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ വഴങ്ങിയില്ല.
ഒടുവിൽ ശനിയാഴ്ച രാവിലെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം എസ്ഇകെ സംഘം മേൽക്കൂരയിലൂടെയും പ്രധാന പ്രവേശന കവാടത്തിലൂടെയും ഒരേസമയം അകത്തുകയറി മിന്നൽ ഓപ്പറേഷൻ നടത്തി.
ടേസർ ഗൺ ഉപയോഗിച്ച് നിമിഷങ്ങൾക്കകം പ്രതിയെ കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തു. ചെറിയ പരിക്കുകളോടെ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.
കത്തിമുനയിൽ മണിക്കൂറുകളോളം ബന്ദിയായിരുന്ന വനിതാ കാഷ്യറെ പരിക്കുകളില്ലാതെ രക്ഷപ്പെടുത്തിയെങ്കിലും കടുത്ത മാനസികാഘാതം അനുഭവിക്കുന്നതായി അധികൃതർ അറിയിച്ചു.
പ്രതിയുടെ ലക്ഷ്യം എന്തായിരുന്നുവെന്നത് ഉൾപ്പെടെ സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയും കാഷ്യറും തമ്മിൽ മുൻപരിചയമില്ലെന്ന് പോലീസ് അറിയിച്ചു.
ജർമനിയിലെ സൂപ്പർമാർക്കറ്റുകളിലും പെട്രോൾ പമ്പുകളിലും നിരവധി പ്രവാസി മലയാളികൾ രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്ന സാഹചര്യത്തിൽ ഈ സംഭവം പ്രവാസി സമൂഹത്തിനിടയിലും സുരക്ഷാ ആശങ്കകൾ ഉയർത്തിയിരിക്കുകയാണ്.